മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടി നാം മുന്നോട്ട് 2017 ഡിസംബർ 31 മുതലാണ് ആരംഭിച്ചത്. സിഡിറ്റ് നിർമ്മിക്കുന്ന പരിപാടിയിൽ ആറന്മുള എംഎൽഎ വീണാ ജോർജാണ് അവതാരക. ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളാണ് പരിപാടിയിൽ ചർച്ച ചെയ്യുന്നത്. വിഷയവുമായി ബന്ധപ്പെട്ട വിദഗ്ദ സംഘവും അതിഥികളും ഓരോ എപ്പിസോഡിലും പങ്കെടുക്കും.നാം മുന്നോട്ട് പരിപാടിയിൽ പ്രമുഖ സിനിമ-സീരിയൽ നടി ആശാ ശരത്തിനെ മുഖ്യാതിഥിയായി കൊണ്ടുവന്നതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. രണ്ട് ദിവസത്തെ ഷൂട്ടിങിനായി ഏകദേശം അഞ്ചു ലക്ഷത്തോളം രൂപ ആശാ ശരത്തിന് മാത്രം ചെലവായെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വേളയിൽ ഇങ്ങനെ കാശ് പൊടിച്ചതാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ തയ്യാറാക്കിയ പ്രത്യേക സെറ്റിലാണ് പരിപാടിയുടെ ഷൂട്ടിങ് നടക്കാറുള്ളത്. നടി റിമ കല്ലിങ്കൽ, നടൻ ജോയ് മാത്യു തുടങ്ങിയവരും നേരത്തെ പരിപാടിയിൽ പങ്കെടുത്തിരുന്നു.